മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

news image
Sep 25, 2023, 4:58 am GMT+0000 payyolionline.in

മുര്‍ഷിദാബാദ്∙ ബിജെപി വിരുദ്ധ ഇന്ത്യ മുന്നണിക്കു വേണ്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും കൈകോര്‍ക്കുമ്പോള്‍ ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷനും ലോക്സഭാ കക്ഷി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി രൂക്ഷമായ ആരോപണങ്ങളാണു നിരന്തരം ഉന്നയിക്കുന്നത്. സംസ്ഥാനത്തു ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതിനിടെ മമത നടത്തുന്ന സ്‌പെയിന്‍ യാത്രയ്‌ക്കെതിരെയാണ് ചൗധരി ഒടുവില്‍ രംഗത്തെത്തിയത്.

 

മമതയ്ക്ക് സ്‌പെയിനില്‍ പോകാന്‍ കഴിയും പക്ഷേ നാട്ടുകാരുടെ ‘പെയിന്‍’ (വേദന) അറിയാന്‍ കഴിയില്ലെന്ന് ചൗധരി കുറ്റപ്പെടുത്തി. ഓഗ്‌സ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഡെങ്കു കേസുകള്‍ വ്യാപകമാകുന്നതു സംബന്ധിച്ച് ഞങ്ങള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ സാധാരണക്കാരുടെ വിഷയങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നും ചൗധരി പറഞ്ഞു.

സ്‌പെയിനില്‍ മമത ബാനര്‍ജി ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനെയും ചൗധരി വിമര്‍ശിച്ചു. ‘‘മുഖ്യമന്ത്രി ശമ്പളമായി നയാപൈസ പോലും വാങ്ങുന്നില്ലെന്നാണ് കേട്ടിരിക്കുന്നത്. സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്. എന്നാല്‍ മഡ്രിഡില്‍ പ്രതിദിനം മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലില്‍ എങ്ങനെ താമസിക്കാന്‍ കഴിയും. എത്ര രൂപയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നത്.

ഏതു വ്യവസായിയാണ് നിങ്ങളെ സ്‌പെയിനില്‍ എത്തിച്ചത്. ജനങ്ങളെ വിഡ്ഢികളാക്കരുത്. വിശ്വ ബംഗ്ല വ്യവസായ മീറ്റിനു വേണ്ടി നിങ്ങള്‍ ചെലവഴിച്ചതിന്റെ പത്തുശതമാനം തിരിച്ചുകിട്ടിയാല്‍ തന്നെ ബംഗാളിലെ ലക്ഷക്കണക്കിനു തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ഏത് സ്പാനിഷ് കമ്പനിയാണ് ബംഗാളില്‍ നിക്ഷേപം നടത്തുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.’’- ചൗധരി പറഞ്ഞു.

ബംഗാളില്‍ അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് ആറു പേര്‍ മരിച്ചു. ഈ വര്‍ഷം മാത്രം മുപ്പതോളം പേരാണു രോഗം ബാധിച്ചു മരിച്ചത്. കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗനാസ്, നാദിയ, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡെങ്കിപ്പനി വ്യാപനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കുറ്റപ്പെടുത്തി. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ വിവരങ്ങളും അവരുടെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച്, ഡെങ്കി, മലേറിയ പ്രതിരോധത്തിനുള്ള സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe