മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടന അവഹേളനത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ഹൈകോടതി

news image
Nov 21, 2024, 12:35 pm GMT+0000 payyolionline.in

കൊച്ചി: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്‍റെ പുനരന്വേഷണം ഹൈകോടതി പ്രഖ്യാപിച്ചു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്‍റെ അന്തിമ റിപ്പോർട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിർദേശിച്ചു.

\

പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിഗമനം തെറ്റാണ്. മാധ്യമപ്രവർത്തകരുടെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ജസ്റ്റിസ് ബച്ചു കുര്യന്‍റെ സിംഗ്ൾ ബെഞ്ച് റദ്ദാക്കി.

പ്രസംഗത്തിന്‍റെ ശബ്ദ സാംപിൾ അന്വേഷണ ഉദ്യോഗസ്ഥൻ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ട് വരുന്നതിന് മുമ്പാണ് പൊലീസ് അന്തിമ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പൊലീസിന്‍റെ ഈ നടപടി തെറ്റാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പ്രതിവാര രാഷ്ടീയ വിദ്യാഭ്യാസ പരിപാടി 100-ാം വാരം പൂർത്തിയാക്കിയതിന്‍റെ ഭാഗമായ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസംഗം. സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച്

മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

പ്രസംഗം കേൾക്കാൻ ഹരജിക്കാരൻ ഉണ്ടായിരുന്നില്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നായിരുന്നു മറുപടി. മന്ത്രിയുടെ രണ്ടര മണിക്കൂർ പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണിതെന്നാണ് സർക്കാറിന്‍റെ വാദം. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്നുവെന്ന്​ വിമർശിച്ചതല്ലാതെ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു കീഴ്​വായ്​പൂർ പൊലീസിന്‍റെ കണ്ടെത്തൽ.

കുന്തം, കുടച്ചക്രം എന്നതുകൊണ്ട് പ്രസംഗത്തിൽ മന്ത്രി ഉദ്ദേശിച്ചതെന്തെന്ന് വാദത്തിനിടെ നേരത്തെ ഹൈകോടതി ചോദിച്ചിരുന്നു. സംവാദമാകാം, എന്നാൽ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാൻ പൗരന്മാർക്കാകുമോയെന്നും പരാമർശിച്ചു. വാക്കുകൾ ചിലപ്പോൾ പ്രസംഗിച്ചയാൾ ഉദ്ദേശിക്കാത്ത അർഥത്തിലായേക്കാം. ഭരണഘടനയോട് അനാദരം സംശയിക്കുന്ന വേറെയും പ്രയോഗങ്ങൾ പ്രസംഗത്തിലുണ്ടെന്നും കോടതി സൂചിപ്പിച്ചു.

പ്രസംഗം വിവാദമായതിന് പിന്നാലെ മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാൻ രാജിവെച്ചിരുന്നു. തുടർന്ന് ഭരണഘടനാ അവഗഹേളനം നടത്തിയില്ലെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe