തിരുവനന്തപുരം∙ സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന് അവകാശപ്പെട്ടു സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമമുണ്ടായെന്നും ക്രിമിനലുകളോടു പ്രതികരിക്കാനില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. ഗവർണർക്കു മറപടിയില്ലെന്നും ഗവർണർ എല്ലാവരെയും ക്രിമിനലുകളായി ചിത്രീകരിക്കുകയാണെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവകലാശാല സെനറ്റ് തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ചു ഗവർണർ നിയമോപദേശം തേടി. കേരള സർവകലാശാല വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. സെനറ്റിലെ ഗവർണറുടെ 11 നോമിനികളും രാജ്ഭവനിലെത്തി. അതിനിടെ കേരള സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിലേക്കു കേരള സർവകലാശാല, പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സെനറ്റ് തീരുമാനം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ രേഖാമൂലം അറിയിച്ചിരുന്നു.
പ്രോ ചാൻസലർ അധ്യക്ഷത വഹിച്ച യോഗത്തിന്റെ തീരുമാനത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ രാവിലെ ഒപ്പിട്ടു. യോഗ തീരുമാനം സർവകലാശാല നിയോഗിച്ച ഉദ്യോഗസ്ഥൻ ഉച്ചയോടെ രാജ്ഭവനിൽ എത്തിച്ചു. ഇമെയിലായും യോഗതീരുമാനം ചാൻസലറെ അറിയിച്ചിരുന്നു.