മാനന്തവാടി∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആളെ കൊണ്ടുപോകാൻ ഹെലികോപ്റ്റർ എത്തിച്ചെങ്കിലും ഉദ്യമം പാളി. ഇന്ന് രാവിലെ 9.30ന് കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പോളിനെ കൊണ്ടുപോകാനാണ് കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിയത്. മാനന്തവാടി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനാണ് വനംമന്ത്രിയുടെ നിർദേശപ്രകാരം ഹെലികോപ്റ്റർ എത്തിയത്.
മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഒരുമണിയോടെയാണ് ഹെലികോപ്റ്റർ ഇറക്കിയത്. ഇതിനിടെ ഏറെ നേരം കാത്തു നിന്നിട്ടും ഹെലികോപ്റ്റർ എത്താത്തതിനെത്തുടർന്ന് പോളിനെ ആംബുലൻസിൽ റോഡ് മാർഗം കോഴിക്കോടേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ മാനന്തവാടിയിൽ എത്തിയെങ്കിലും അപ്പോഴേക്കും റോഡ് മാർഗം പോയ ആംബുലൻസ് കൽപ്പറ്റയിലെത്തി.
ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് എത്തുമെന്ന് കരുതി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പോളിനെ കൊണ്ടുപോയ ആംബുലൻസ് നിർത്തി കാത്തുനിന്നു. എന്നാൽ കൽപ്പറ്റയിലേക്ക് ഹെലികോപ്റ്റർ എത്താൻ വൈകിയതോടെ റോഡ് മാർഗം കോഴിക്കോടേക്ക് യാത്ര തുടർന്നു. ഹെലികോപ്റ്റർ നിലവിൽ മാനന്തവാടിയിൽ തന്നെ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ പോളിനെ കിടത്തി മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. എന്നാൽ കോയമ്പത്തൂരിൽ നിന്ന് എത്തിയ ഹെലികോപ്റ്ററിൽ അതിനുള്ള സൗകര്യം ഇല്ല. അതിനാൽ റോഡ് മാർഗം തന്നെ പോളിനെ കോഴിക്കോടേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.