മന്ത്രിസഭ വികസനം; സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡൽഹിക്ക്

news image
May 21, 2023, 3:37 am GMT+0000 payyolionline.in

ബംഗളൂരു: മന്ത്രിസഭ വികസനം സംബന്ധിച്ച് ചർച്ചക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഞായറാഴ്ച വീണ്ടും ഡൽഹിക്ക് തിരിക്കും.മന്ത്രിമാരുടെ അന്തിമ പട്ടികയിൽ തീർപ്പാക്കാൻ ഹൈകമാൻഡുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാതെ എട്ടു മന്ത്രിമാർ മാത്രമാണ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

34 മന്ത്രിസ്ഥാനങ്ങളുള്ള സർക്കാറിൽ സീനിയോറിറ്റിക്കുപുറമെ ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖലാ പ്രാതിനിധ്യവും കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക. ലിംഗായത്തിൽനിന്ന് 37ഉം എസ്.സി- എസ്.ടി വിഭാഗങ്ങളിൽനിന്ന് 35ഉം മുസ്‍ലിംകളിൽനിന്ന് ഒമ്പതും എം.എൽ.എമാരാണ് കോൺഗ്രസിലുള്ളത്. ഈ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും മന്ത്രിസഭ വികസനം.

വെള്ളിയാഴ്ച ഡൽഹിയിൽ ഹൈകമാൻഡുമായി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ കൂടിക്കാഴ്ചയിൽ 42 പേരുടെ ആദ്യപട്ടികയിൽനിന്ന് 28 പേരുടെ പട്ടിക തയാറാക്കിയിരുന്നു.

എന്നാൽ, അന്തിമ നിമിഷം എട്ടുപേരെ മാത്രം ശനിയാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉൾ​പ്പെടുത്തിയ നേതൃത്വം, ബാക്കി പട്ടികയിൽ വീണ്ടും ചർച്ച നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, കെ.എച്ച്. മുനിയപ്പ, രാമലിംഗ റെഡ്ഡി എന്നിവർ ദലിത്, പിന്നാക്ക വിഭാഗ പ്രതിനിധികളാണ്.

ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മലയാളിയായ കെ.ജെ. ജോർജിനെയും മുസ്‍ലിം സമുദായത്തിൽനിന്ന് സമീർ അഹമ്മദിനെയും ലിംഗായത്ത് വിഭാഗത്തിൽനിന്ന് എം.ബി. പാട്ടീലിനെയും ഉൾപ്പെടുത്തി. എം.ബി. പാട്ടീലിനുപുറമെ ലിംഗായത്ത് പ്രതിനിധികളായി ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവാദിയെയും മ​ന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.

ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോൽവി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എം.എൽ.സിയാക്കി നാമനിർദേശം ചെയ്തു സർക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത. ലിംഗായത്ത് വിഭാഗത്തിൽനിന്ന് ചുരുങ്ങിയത് എട്ടുപേർക്കെങ്കിലും മന്ത്രിപദവി ലഭിച്ചേക്കും. മലയാളികളായ യു.ടി. ഖാദറും എൻ.എ. ഹാരിസും പട്ടികയിലുണ്ട്.

ആർ.വി. ദേശ്പാണ്ഡെ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ, എച്ച്.കെ. പാട്ടീൽ, ടി.ബി. ജയചന്ദ്ര, എച്ച്.സി. മഹാദേവപ്പ, ലക്ഷ്മി ഹെബ്ബാൾക്കർ, ചലുവരായ സ്വാമി, തൻവീർസേട്ട്, ബി.​കെ. ഹരിപ്രസാദ്, സലിം അഹമ്മദ് തുടങ്ങിയവരാണ് പട്ടികയിൽ മുന്നിലുള്ളത്. ഞായറാഴ്ച മന്ത്രി പട്ടികയിൽ തീരുമാനമായാലും ബുധനാഴ്ച നിയമസഭ സമ്മേളനം സമാപിച്ച ശേഷമേ പ്രഖ്യാപനം വരാൻ സാധ്യതയുള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe