ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദയിൽ പടക്ക ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടുത്തത്തെ തുടർന്ന് തുടരെത്തുടരെ നിരവധി സ്ഫോടനങ്ങൾ കേട്ടതായി സമീപ വാസികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സ്‌ഫോടനത്തിന്റെ തീവ്രത കാരണം നർമ്മദാപുരം ജില്ലയിലെ സിയോനി മാൾവ പ്രദേശത്തുള്ളവർക്കടക്കം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംഭവത്തിൻ്റെ വിശദാംശങ്ങൾ തേടി. സംഭവത്തിൻ്റെ വീഡിയോയിൽ ഫാക്ടറിയിൽ നിന്ന് തീജ്വാലകളും പുകയും ഉയരുന്നതും സ്‌ഫോടനശബ്ദം മുഴങ്ങുമ്പോൾ ആളുകൾ ഭയന്ന് ഓടിപ്പോകുന്നതും കാണാം. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയെ വിളിച്ചതായി ജില്ലാ കളക്ടർ ഋഷി ഗാർഗ് പറഞ്ഞു. സംഭവം നടക്കുമ്പോൾ 150ഓളം തൊഴിലാളികൾ പരിസരത്തുണ്ടായിരുന്നുവെന്ന് തീപിടിത്തത്തിന് ശേഷം രക്ഷപ്പെട്ട ഫാക്ടറി തൊഴിലാളി പറഞ്ഞു.