ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും. ഏഴ് ആനകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇവിടെ ചരിഞ്ഞത്. ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിങ്ങിനിടെ രണ്ട് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സമീപത്ത് അവശനിലയിൽ കണ്ടെത്തിയ അഞ്ച് ആനകൾ കൂടി പിന്നീട് ചരിഞ്ഞു. 13 ആനകളുടെ കൂട്ടത്തിലെ മറ്റ് മൂന്ന് ആനകൾക്ക് കൂടി അസുഖം ബാധിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ആനകളുടെ നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കോഡോ മില്ലറ്റ് കഴിച്ചാണ് ആനകൾ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾ നടത്തി വരികയാണ്. കൃത്യമായ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബിടിആർ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് കുമാർ വർമ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മധ്യപ്രദേശ് വനം മന്ത്രി രാംനിവാസ് റാവത്ത് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.