മധുവിധു ആഘോഷിക്കാൻ കേരളത്തിലെത്തി; ദുരന്തമായി മാറി യാത്ര, ഭർത്താവില്ലാതെ യുവതി മടങ്ങി

news image
Aug 6, 2024, 7:58 am GMT+0000 payyolionline.in

കൽപ്പറ്റ: ഉരുളെടുത്ത വയനാട്ടിലെ ചൂരൽമലയിൽ നിന്ന് ഒഡിഷയിലേക്ക് പ്രിയദർശിനി ഒറ്റയ്ക്ക് മടങ്ങി. മധുവിധുവിനായി ചൂരൽമലയിലെത്തിയ ദമ്പതികളിൽ പ്രിയദർശിനിയും സുഹൃത്തിന്റെ ഭാര്യ ശ്രീകൃതിയും മാത്രമാണ് രക്ഷപ്പെട്ടത്. മേപ്പാടിയിലെ പൊലീസുകാരൻ ജബലു റഹ്മാനും സുഹൃത്തും ചേർന്ന് അതിസാഹസികമായാണ്  ഇരുവരെയും രക്ഷപ്പെടുത്തിയത്.

ഭുവനേശ്വർ എയിംസിലെ ഡോക്ടർ ബിഷ്ണു പ്രസാദ് ചിന്നാരയും, ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സ് പ്രിയദർശിനി പോളും, സുഹൃത്തുക്കളായ ഡോക്ടർ സ്വധീൻ പാണ്ടയും, ഭാര്യ ശ്രീകൃതി മോഹ പത്രയും രണ്ട്‌ ദമ്പതികളും മധുവിധു ആഘോഷിക്കാൻ ഉരുൾ പൊട്ടലിന് മൂന്ന് ദിവസം മുൻപാണ് വെള്ളാർമലയിലെ ലിനോറ വില്ലയിൽ എത്തിയത്. ദുർനിമിത്തമെന്നോണം ഒരു ദിവസം കൂടി താമസിക്കാമെന്ന് തീരുമാനമെടുത്തു വെള്ളരിമലയിൽ ഉരുൾ ഉരുണ്ടുകൂടിയ രാത്രിയിൽ പാട്ടും ആഘോഷംവുമെല്ലാം കഴിഞ്ഞു ഏറെ വൈകി എല്ലാവരും ഉറങ്ങാൻ കിടന്നു.

വൻ ശബ്ദം കേട്ട് ഉണർന്നപ്പോൾ റിസോർട്ട് മണ്ണിനടിയിലായിരുന്നു. കഴുത്തൊപ്പം ഉയർന്ന ചെളിയിൽ 200 മീറ്ററോളം ഒഴുകി സ്കൂൾ പരിസരത്ത് തടഞ്ഞു നിന്ന പ്രിയദർശിനിയുടെയും ശ്രീകൃതിയുടെയും അലർച്ച കേട്ടാണ് ജബലു റഹ്മാനും സുഹൃത്തും എത്തിയത്. കരയ്ക്ക് കയറ്റിയ ഉടൻ രണ്ടുപേർ കൂടെ ഒപ്പം ഉണ്ടെന്ന് പ്രിയദർശിനി പറഞ്ഞു. അവരെ തിരയാനായി നടന്നു തുടങ്ങിയപ്പോഴാണ് ഭൂമി കുലുക്കം കണക്കെ അടുത്ത ഉരുൾ പൊട്ടുന്നത്.

ആശുപത്രിയിൽ ഉമ്മയുടെ ചികിത്സക്കെത്തിയ സാനിയയായിരുന്നു പ്രിയദർശിനിയുടെ കൂട്ട്. ഭർത്താവ് ബിഷ്ണു പ്രസാദ് ചിന്നാരയെ ചൂരൽ മലയിൽ നിന്ന് കിട്ടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഡോക്ടർ സ്വാധീൻ പാണ്ടയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭാര്യ ശ്രീകൃതി ഗുരുതര പരിക്കുകളോടെ നിലവിൽ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe