മദ്യ വില വര്‍ധിപ്പിച്ച നടപടി ദുരൂഹമെന്ന് വി.ഡി. സതീശൻ; ‘നീക്കം കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി’

news image
Jan 27, 2025, 9:43 am GMT+0000 payyolionline.in

തിരുവനന്തപുരം: കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി മദ്യ വില വര്‍ധിപ്പിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താകുറിപ്പിൽ ആ​രോപിച്ചു. സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു​.

കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധിപ്പിച്ച മദ്യത്തിന്റെ പട്ടികയില്‍ മദ്യ നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി അനുമതി നല്‍കിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണെന്ന് സതീശൻ ക​ുറ്റപ്പെടുത്തി. നേരത്തെ മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില കൂട്ടിയാണ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ല.

മദ്യവില കൂട്ടിയതുകൊണ്ട് ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തിൽ കുറവ് വരുന്നതിനാൽ സ്ത്രീകളും കുട്ടികളുമാകും ഇതിൻ്റെ ഇരകളായി മാറുന്നത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe