‘മദ്യവില കൂട്ടേണ്ടി വരും, ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത’, ‘ഗ്യാലനേജ് ഫീസി’ൽ മന്ത്രിക്ക് എംഡിയുടെ കത്ത്

news image
Apr 1, 2024, 3:56 am GMT+0000 payyolionline.in

തിരുവനന്തപുരം : ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. എക്സൈസ് മന്ത്രിക്കാണ് ബെവ്ക്കോ കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരും.

​വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്ക്കോ സ‍ർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്ക്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്. ‍

പല ഔട്ട് ലെറ്റുകളും അടയ്ക്കേണ്ടിവരുകയും ജനപ്രിയ ബ്രാന്റുകൾ ഷോപ്പുകളിൽ എത്താതിരിക്കുകയും ചെയ്തപ്പോൾ ബെവ്ക്കോ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയിരുന്നു. മൂന്ന് സാമ്പത്തിക വർഷം നഷ്ടത്തിൽ പോയിരുന്ന ബെവ്ക്കോ 2022-23 സാമ്പത്തിക വ‍ർഷമാണ് ലാഭത്തിലേക്ക് എത്തിയത്. 124 കോടി രൂപയായിരുന്ന ബെവ്‌കോയുടെ ആ സാമ്പത്തിക വർഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വ‍ർഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്ക്കോ നൽകുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. കോർപ്പറേഷൻ കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നാണ് ബെവ്ക്കോ സർക്കാരിന് അറിയിച്ചിരിക്കുന്നത്.

ബെവ്ക്കോയക്ക് ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ശമ്പളവും പ്രവർത്തന ചെലവുമെല്ലാം കടന്നു പോകുന്നത്. ലാഭം കുറഞ്ഞാൽ ശമ്പളത്തെയും ആനുകൂല്യത്തെയും വരെ ബാധിക്കും. പിടിച്ചു നിക്കണമെങ്കിൽ ഇനിയും മദ്യവില കൂട്ടേണ്ടിവരും. മദ്യവില ഉയ‍ർന്നാലും വിൽപ്പന കുറയാനാണ് സാധ്യത. കഴിഞ്ഞ ഒരു വർഷത്തിനുളളിൽ രണ്ട് പ്രാവശ്യം മദ്യ വില ഉയന്നപ്പോള്‍ വിൽപ്പന സാരമായി ബാധിച്ചിരുന്നു. വേണ്ടത്ര ആലോചനയില്ലാതെയാണ് ഫീസ് കൂട്ടിയതെന്ന പരാതി എക്സൈസ് വകുപ്പിനുമുണ്ട്. സർക്കാർ പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ ലാഭത്തിലുള്ള മറ്റൊരു കോർപ്പറേഷൻ കൂടി നഷ്ടത്തിലേക്ക് പോകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe