ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടേത് അടക്കമുള്ളമുള്ളവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയയുടെ 53 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തത്.
അമൻദീപ് സിങ് ധൾ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.സിസോദിയയുടെയും ഭാര്യ സീമയുടെയും രണ്ട് ഫ്ലാറ്റുകളും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 11 ലക്ഷം രൂപയും ഇ.ഡി പിടിച്ചെടുത്തു. സിസോദിയയുടെ വലംകൈയായി അറിയപ്പെടുന്ന ഡൽഹിയിലെ ബിസിനസുകാരൻ ദിനേഷ് അറോറയെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, സിസോദിയയുടെ പ്രതിഛായ തകർക്കാൻ ഇ.ഡി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് എ.എ.പി നേതാവ് അതിഷി ആരോപിച്ചു. ”ഇ.ഡി പിടിച്ചെടുത്ത രണ്ട് ഫ്ലാറ്റുകളിലൊന്ന് മനീഷ് സിസോദിയ 2005ൽ വാങ്ങിയതാണ്. 18 വർഷം മുമ്പ്. രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങിയത് 2018ലാണ്. അതിന്റെയെല്ലാ രേഖകളും ഇ.ഡിയുടെ കൈയിലുണ്ട്. അതായത് മദ്യനയ അഴിമതിക്കേസ് വരുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് വാങ്ങിയതാണ്.”-അതിഷി പറഞ്ഞു.