കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് അസാധാരണ വേഗമെന്ന് മന്ത്രി വിഎൻ വാസവൻ. മണർകാട് പള്ളി പെരുന്നാൾ കാലത്ത് വൻ തിരക്കാണ് പുതുപ്പള്ളിയിൽ ഉണ്ടാവുക. പള്ളിക്കു ചുറ്റും നിരവധി ബൂത്തുകളുണ്ട്. ഈ ബൂത്തുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും. പെരുന്നാളിനെ തടസപ്പെടുത്തുന്ന വിധമാണ് തെരഞ്ഞെടുപ്പ് തീയതിയെന്നും വിഎൻ വാസവൻ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിബു ജോണുമായി ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി വാസവൻ ആവർത്തിച്ചു. നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ കോൺഗ്രസ് നേതാവ് നിബു ജോണിനെ സിപിഎം രംഗത്തിറക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ നീക്കം ഉമ്മൻചാണ്ടിയുടെ കുടുംബം ഇടപെട്ടാണ് ഇല്ലാതാക്കിയതെന്നാണ് വിവരം. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി നിബു ജോൺ രംഗത്തുവന്നിരുന്നു. താൻ യാതൊരു വിമത നീക്കവും നടത്തിയിട്ടില്ലെന്ന് നിബു ജോൺ പറഞ്ഞു. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ബന്ധുവിന്റെ മരണവീട്ടിലായിരുന്നു. പുതുപ്പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം തന്നെ വാർത്ത നിഷേധിച്ചല്ലോയെന്നും പറഞ്ഞു.
ഇന്നലെ രാത്രിയാണ് പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസിന്റെ ജനപ്രതിനിധി സ്ഥാനം രാജിവെച്ച് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.