മണിപ്പൂര്‍ വിദ്യാര്‍ഥികളുടെ കൊലപാതകം; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അമിത്ഷാ

news image
Sep 28, 2023, 8:42 am GMT+0000 payyolionline.in

ഇംഫാൽ: മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പ്രതികരണവുമായി അമിത് ഷാ. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാർ അതീവ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും കേസ് സി.ബി.ഐ സമഗ്രമായി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയതായും സിംഗ് കൂട്ടിച്ചേര്‍ത്തു.

ജൂലൈയില്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഇംഫാല്‍ താഴ്വരയില്‍ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധത്തില്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ലാത്തിയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പ്രതിരോധിച്ചത്.

പ്രകോപിതരായ ജനക്കൂട്ടം ബി.ജെ.പി മണ്ഡലം ഓഫീസിന് തീയിടുകയും ഓഫീസിന്റെ ഗേറ്റ് നശിപ്പിക്കുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതുകൂടാതെ ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ലുകളും സംഘം തകര്‍ത്തു. പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും മരത്തടികളും മറ്റ് വൈദ്യുത തൂണുകളും ഉപയോഗിച്ച് ഇന്തോ-മ്യാന്‍മര്‍ ഹൈവേ തടയുകയും ചെയ്തു. സംഘര്‍ഷത്തില്‍ 150 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

സ്പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ബുധനാഴ്ച്ച മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തി കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലം തിരിച്ചറിയുക, മൃതദേഹങ്ങള്‍ വീണ്ടെടുക്കുക, കുറ്റവാളികളെ കണ്ടെത്തുക എന്നിവയായിരിക്കും പ്രാഥമിക ലക്ഷ്യമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി അറിയിച്ചു. സംഘർഷങ്ങൾ വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിനെ വീണ്ടും ‘പ്രശ്ന ബാധിത’ മേഖലയായി പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe