മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

news image
Jul 20, 2023, 7:05 am GMT+0000 payyolionline.in

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയി​ൽ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിഡിയോയിൽ പച്ച ഷർട്ട് ധരിച്ച് നിൽക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.

മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതിക​ളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്ന ദൃശ്യം അതിക്രൂരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe