ചുരാചന്ദ്പുർ: മണിപ്പൂരിൽ സുരക്ഷ സേന നാലുദിവസമായി നടത്തിയ തിരച്ചിലിൽ 36 ആയുധങ്ങളും 300ലധികം വെടിക്കോപ്പുകളും പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ സ്ഫോടകവസ്തുക്കൾ കൂടാതെ റൈഫിളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ, മോർട്ടറുകൾ എന്നിവയും ഉൾപ്പെടും.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിങ്, തൗബാൽ, ബിഷ്ണുപുർ കാങ്‌പോക്പി, ചുരാചന്ദ്പുർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. കൊള്ളയടിയിൽ ഉൾപ്പെട്ട മൂന്ന് യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) പ്രവർത്തകരെ അറസ്റ്റുചെയ്തതായും പൊലീസ് അറിയിച്ചു.
അതിനിടെ, മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 22കാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന പോലുങ്മാങ്ങിനെ പുണെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രത്യേക കോടതി പോലുങ്മാങ്ങിനെ ഒക്ടോബർ 16 വരെ കസ്റ്റഡിയിൽ വിട്ടു.
വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ ഒന്നിന് രണ്ട് സ്ത്രീകളടക്കം നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഹിജാം ലിന്തോയിംഗമ്പി, ഫിജം ഹേംജിത്ത് എന്നീ വിദ്യാർഥികളെ ജുലൈ ആറ് മുതലാണ് കാണാതായത്. മണിപ്പൂരിൽ ഇന്‍റർനെറ്റ് പുനസ്ഥാപിച്ചതോടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു.
ആയുധധാരികൾക്ക് സമീപം ഭയാശങ്കയോടെ ഇരിക്കുന്ന കുട്ടികളുടെ ചിത്രവും നിലത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രവുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.