മണിപ്പൂരിൽ ബി.ജെ.പി വനിതാ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്

news image
Jun 9, 2023, 8:50 am GMT+0000 payyolionline.in

ഇംഫാല്‍: വംശീയ കലാപം കൂക്ഷമായ മണിപ്പൂരിൽ ബി.ജെ.പി വനിതാ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്. സൊറായി സാം കെബി ദേവി എം.എല്‍.എയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കുക്കി-മെയ്തെയ് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമി സംഘം എം.എല്‍.എയുടെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് ബോംബ് എറിഞ്ഞത്. വൻ സ്ഫോടനത്തിൽ കുഴി രൂപപ്പെട്ടു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് പൊലീസ്‍ സംഘം സ്ഥലത്തെത്തി.

കലാപം തുടങ്ങിയതിനു പിന്നാലെ മറ്റൊരു ബി.ജെ.പി എം.എൽ.എയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. വുംഗ്‌സാഗിന്‍ വാള്‍ട്ടെ എന്ന എംഎല്‍എയാണ് മേയ് നാലിന് മറ്റൊരു ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന് ഓര്‍മശക്തി നഷ്ടമായെന്നും ആരോഗ്യനില വീണ്ടെടുക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നുമാണ് വിവരം. അതിനിടെ, മണിപ്പൂർ സംസ്ഥാനം വിഭജിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗക്കാരായ 10 ബി.ജെ.പി -എൻഡി.എ എം.എൽ.എമാർ രംഗത്തുവന്നിരുന്നു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 16നകം വിശദീകരണം നൽകാനാണ് നിർദേശം.

കഴിഞ്ഞദിവസം നാലുവയസ്സുകാരനെയും അമ്മയെയും ബന്ധുവിനെയും ആള്‍ക്കൂട്ടം ആംബുലൻസിന് തീവെച്ച് ചുട്ടുകൊന്നിരുന്നു. ടോൺസിങ് ഹാംങ്‌സിങ് (4), അമ്മ മീന (45), ബന്ധു ലിദിയ (37) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് ആള്‍ക്കൂട്ടം ഇവരെ കൊലപ്പെടുത്തിയത്. മെയ്ത്തി വിഭാഗത്തില്‍പ്പെട്ട മീന കുക്കി വിഭാഗക്കാരനെയാണ് വിവാഹം ചെയ്തിരുന്നത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മൂന്നുപേരും ​ദാരുണമായി കൊല്ലപ്പെട്ടത്.

അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഇവിടെ വെടിവെപ്പുണ്ടായി. നാലു വയസുകാരനായ ടോണ്‍സിംഗിന് വെടിയേറ്റു. തുടര്‍ന്ന് അസം റൈഫിള്‍സ് കമാന്‍ഡല്‍ പൊലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ ഇംഫാലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാല് കിലോമീറ്ററോളം അസം റൈഫിള്‍സ് ഇവര്‍ക്ക് അകമ്പടി പോയിരുന്നു. ശേഷം പൊലീസിന് സുരക്ഷ കൈമാറുകയായിരുന്നുവെന്നാണ് വിവരം.

വൈകീട്ട് 6.30 ഓടെ ഐസോയിസിംബ എന്ന സ്ഥലത്ത് വെച്ച് അക്രമികൾ ആംബുലന്‍സിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആംബുലന്‍സിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാൻ വീരമൃത്യു വരിച്ചിരുന്നു. അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സിലെ രണ്ടുസൈനികര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe