ഇംഫാൽ ∙ വംശീയകലാപം തുടരുന്ന മണിപ്പുരിൽ രാഷ്ട്രീയപരിഹാരം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകി. 15 ദിവസത്തിനകം സമാധാനശ്രമങ്ങൾക്കായി പ്രത്യേക സമിതിയെ നിയമിക്കുമെന്നു അമിത് ഷാ വാക്കു നൽകിയതായി കുക്കി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ഗിൻസാ വാൽസോങ് പറഞ്ഞു. ഗോത്രമേഖലകൾക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്നാണു കുക്കി ആവശ്യം.
ഇംഫാലിലെത്തിയ അമിത് ഷാ മെയ്തെയ് – കുക്കി സംഘടനകളുമായി ചർച്ചകൾ ആരംഭിച്ചു. ഇരുവിഭാഗവും തോക്കുകൾ താഴെ വയ്ക്കണമെന്നും കേന്ദ്രസർക്കാരിന്റെ സമാധാനശ്രമങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കലാപത്തിന്റെ പ്രഭവകേന്ദ്രവും ഗോത്ര മേഖലയുമായ ചുരാചന്ദ്പൂരിലെത്തിയ അമിത് ഷായ്ക്ക് കുക്കി വിഭാഗം വൻസ്വീകരണമാണ് നൽകിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി വേണമെന്നും ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കണമെന്ന് മെയ്തെയ് സംഘടനകളും ആവശ്യപ്പെട്ടു.
കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപ കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ് നഷ്ടപരിഹാരം നൽകുക. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകും.
തിങ്കളാഴ്ച രാത്രി അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്, മന്ത്രിമാർ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ തലവൻ തപൻ ദേഖാ എന്നിവരും അമിത് ഷായ്ക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.
ഇതിനിടെ സിആർപിഎഫ് ഐജി രാജീവ് സിങ്ങിനെ ക്രമസമാധാനച്ചുമതലകൾക്കായി കേന്ദ്രം മണിപ്പുരിലേക്ക് അയച്ചു. നിലവിൽ ഡിജിപിക്ക് പകരം കേന്ദ്ര സർക്കാർ നിയമിച്ച സുരക്ഷാ ഉപദേഷ്ടാവാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കുക്കി വിഭാഗക്കാരനായ ഡിജിപിക്ക് പകരം പുതിയ ഡിജിപിയെ നിയമിക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുകയാണ്.
കുക്കി ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രസ്താവന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ തള്ളി. വംശീയകലാപമാണ് മണിപ്പുരിലേതെന്നും സായുധഗ്രൂപ്പുകൾക്കെതിരേയുള്ള നടപടിയല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 40 കുക്കി ഭീകരർ കൊല്ലപ്പെട്ടുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.