മണിപ്പുരിൽ വീണ്ടും ദേശീയപാത ഉപരോധം

news image
Aug 22, 2023, 9:24 am GMT+0000 payyolionline.in

ഇംഫാൽ / കൊൽക്കത്ത ∙ കുക്കി ഗോത്രമേഖലകളിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കം മെയ്തെയ് വിഭാഗം തടഞ്ഞതിൽ പ്രതിഷേധിച്ച് ഗോത്ര സംഘടനകൾ ഇംഫാൽ താഴ്‍വരയിലേക്ക് ദേശീയപാത വഴിയുള്ള ചരക്കുനീക്കം തടഞ്ഞു. ഇംഫാലിനെ നാഗാലാൻഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 2, അസമിലെ സിൽച്ചറുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 37 എന്നിവയാണ് ഇന്നലെ മുതൽ തടഞ്ഞുതുടങ്ങിയത്. ഇതേസമയം, ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന മണിപ്പുർ നിയമസഭാ സമ്മേളനം നടന്നില്ല. സുരക്ഷാ കാരണങ്ങളാൽ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് 10 കുക്കി എംഎൽഎമാർ പറഞ്ഞിരുന്നു. വിട്ടുനിൽക്കാൻ 10 നാഗാ എംഎൽഎമാരും തീരുമാനിച്ചിരുന്നു. മന്ത്രിസഭ ശുപാർശ നൽകിയിട്ടും നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ പ്രതിസന്ധിക്കു കാരണമാകുകയാണ്.

കലാപം ആരംഭിച്ച ശേഷം കുക്കി മേഖലകളിലേക്കുള്ള അവശ്യവസ്തുക്കൾ മെയ്തെയ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തടഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായി ദിമാപൂർ-ഇംഫാൽ റോഡ് കുക്കികളും തടഞ്ഞു. ഒരു മാസത്തിലേറെ നീണ്ട ഉപരോധത്തിനൊടുവിലാണ് ദേശീയപാത തുറന്നുകൊടുത്തത്. കഴിഞ്ഞയാഴ്ച ചുരാചന്ദ്പുരിലേക്ക് മരുന്നുകൾ എത്തിക്കാനുള്ള അസം റൈഫിൾസിന്റെ ശ്രമം മെയ്തെയ്കൾ തടഞ്ഞിരുന്നു. പിന്നീട് ഹെലികോപ്റ്ററിലാണ് മരുന്നുകൾ എത്തിച്ചത്.

ചുരാചന്ദ്പുർ, തെഗ്നോപാൽ എന്നീ ജില്ലകൾ ഒറ്റപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോകാൻ ബുദ്ധിമുട്ടുന്നു. ഗോത്ര മേഖലകളിൽ നിന്ന് ഐസോൾ, ദിമാപൂർ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ കഴിയുന്നത്.

കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ്പോക്പിയിൽ ഇന്നലെ മുതൽ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയുടെ നേതൃത്വത്തിൽ ചരക്കുവാഹനങ്ങൾ തടഞ്ഞു. മോറെ ഉൾപ്പെടെയുള്ള അതിർത്തിപ്പട്ടണങ്ങളിൽ അവശ്യസാധനങ്ങൾ ലഭിക്കാതെ സ്ഥിതി രൂക്ഷമാണ്. കുക്കി മേഖലകളിൽ മരുന്നും അവശ്യവസ്തുക്കളും എത്തിച്ചില്ലെങ്കിൽ 26 മുതൽ റോഡ് ഉപരോധിക്കുമെന്ന് കുക്കി-സോ ഡിഫൻസ് ഫോഴ്സ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിനിടെ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉടൻ മണിപ്പുരും ത്രിപുരയും സന്ദർശിക്കുമെന്ന് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe