ഒഞ്ചിയം: ദേശീയപാത മടപ്പള്ളി സർവീസ് റോഡിൽ നിർമ്മാണ കമ്പനിയുടെ വാഹനമിടിച്ച് പോലീസ് ഓഫീസർ മരിച്ചു. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മടപ്പള്ളി പുനത്തിൽ മീത്തൽ ഹൗസിൽ പ്രശാന്ത് (52) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മടപ്പള്ളിയിൽ നിർദ്ദിഷ്ട അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡിൽ നിൽക്കുകയായിരുന്ന പ്രശാന്തിനെ നിർമ്മാണ കമ്പനിയുടെ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.
വടകര ജില്ലാ ആശുപത്രിയിലെ പി.ആർ.ഒ ഷീമയാണ് ഭാര്യ. മകൻ: അലോഗ് (വിദ്യാർത്ഥി, മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ).
