നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സഞ്ജയ് കരോൾ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി തൃശൂർ മെഡിക്കൽ കോളേജിനോട് നിർദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ വിയൂർ ജയിൽ അധികൃതരോടും കോടതി നിർദ്ദേശം നൽകി. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
2016 ഏപ്രില്‍ 28 നായിരുന്നു നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.