മകരവിളക്ക്‌: തീർഥാടക തിരക്കിൽ ശബരിമല

news image
Jan 15, 2024, 10:31 am GMT+0000 payyolionline.in

ശബരിമല > മകരവിളക്കിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കേ തീർഥാടകരാൽ നിറഞ്ഞ് ശബരിമല. സന്നിധാനത്തെ തിരക്കുകളെത്തുടർന്ന് പമ്പയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഉച്ചയ്ക്ക് ശേഷം ഭക്തരെ പമ്പയിൽ നിന്ന് മല ചവിട്ടാൻ അനുവദിച്ചില്ല. തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും പമ്പയിൽ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നര ലക്ഷത്തോളം തീർഥാടകർ ഇക്കുറി  മകരവിളക്ക്‌ ദർശിക്കാൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വലിയ നടപ്പന്തൽ, പാണ്ടിത്താവളം, മാളികപ്പുറം ക്ഷേത്രത്തിന്റെ മുൻ ഭാഗത്തെ തുറസായ സ്ഥലങ്ങൾ, മാളികപ്പുറം നടപ്പന്തൽ, കൊപ്രാക്കളം, ശരംകുത്തിഭാഗം തുടങ്ങി മകരവിളക്ക്‌ ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം തീർഥാടകർ തമ്പടിച്ചിരിക്കുകയാണ്‌. വലിയ നടപ്പന്തൽ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന തീർഥാടകർ മകരവിളക്ക്‌ ദർശനത്തിനായി പാണ്ടിത്താവളത്തിലേക്കും പുൽമേട്ടിലേക്കും മലകയറിത്തുടങ്ങി. 6.30ഓടെയാണ് മകര ജ്യോതി തെളിയിക്കുക.

മകരവിളക്ക് ദിനമായ ഇന്ന് പതിവ്‌ പൂജകൾക്കുശേഷം വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. വൈകിട്ട്‌ 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിക്കും.

6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും. വൈകിട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 18 വരെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് എഴുന്നള്ളത്തും നായാട്ട് വിളിയും നടക്കും. 18 വരെ തീർഥാടകർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പനെ ദർശിക്കാം. 19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഉണ്ടാകു. 20 വരെ തീർഥാടകർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ടാകും. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി നടയടക്കും.

മകരവിളക്ക്‌ ദർശനത്തിന് ശേഷം പാണ്ടിത്താവളത്ത് നിന്നും വരുന്നവരെ നിയന്ത്രിച്ച് കടത്തി വിടാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe