ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്താക്ഷേത്ര നട തുറന്നു. ശനി വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി പകർന്നു. തുടർന്ന് തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിച്ചു.ശനിയാഴ്‌ച പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഞായറാഴ്‌ച പുലർച്ചെ മൂന്നിന് നടതുറക്കും. വെർച്വൽ ക്യൂ ബുക്കിങ് വഴി ബുക്ക് ചെയ്‌ത് വേണം തീർഥാടകർ ദർശനത്തിനെത്താൻ. സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താമെങ്കിലും ഇത് പതിനായിരമായി നിജപ്പെടുത്തിയിട്ടുണ്ട്.
മകരവിളക്ക് ഉത്സവത്തിനായി സന്നിധാനത്ത് പൊലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സുഗമദർശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജനുവരി 15ന് ആണ് മകരവിളക്ക്. 13ന് വൈകിട്ട് പ്രസാദ ശുദ്ധിക്രിയകൾ നടക്കും. 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. 15ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നടതുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും.. 20 വരെ തീർഥാടകർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.