പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജക്കുശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.
ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടക്കും.
നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും സന്നിധാനത്തേക്കുള്ള വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും. 19ന് രാത്രി ശരം കുത്തിയിലേക്കാണ് എഴുന്നള്ളത്ത്