മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; വടിയെടുത്ത് തലയ്ക്കടിച്ചു, ആക്രമണം മദ്യലഹരിയിൽ

news image
Mar 6, 2026, 11:11 am GMT+0000 payyolionline.in

ഷൊർണൂർ: കൂനത്തറ ആരിയങ്കാവിനുസമീപം മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ്‌ (63) മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാത്രിയാണ് മരണം. സംഭവത്തിൽ മകൻ മനോജ് റിമാൻഡിലാണ്.

അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് വീടിനകത്തുണ്ടായിരുന്ന വടിയെടുത്ത് മകൻ മനോജ് തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ് ഉണ്ണിക്കൃഷ്ണൻ വീണപ്പോൾ മനോജ് തന്നെയാണ് സഹോദരനെ വിളിച്ചറിയിച്ചത്. സഹോദരനാണ് ഉണ്ണിക്കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. മനോജിനെ പോലീസ് വൈകീട്ടോടെ അറസ്റ്റുചെയ്തു. തിങ്കളാഴ്ച പുലർച്ചെ കൂനത്തറയ്ക്കുസമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽവെച്ചാണ് സംഭവം. മദ്യലഹരിയിലാണ് അക്രമമെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിനെടുത്ത കേസ് കൊലപാതകത്തിനാക്കി കുറ്റപത്രം മാറ്റിസമർപ്പിക്കുമെന്ന് ഇൻസ്പെക്ടർ വി. രവികുമാർ പറഞ്ഞു. വിനോദിനിയാണ് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ. ജിഷ്ണുവാണ് മറ്റൊരുമകൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe