ഭൂകമ്പം ഉണ്ടായിട്ടില്ല, ആശങ്കപ്പെടേണ്ടതില്ല; പ്രകമ്പനത്തിന്‍റെ കാരണം വിശദമാക്കി സീസ്മോളജി സെന്‍റര്‍ ഡയറക്ടർ

news image
Aug 9, 2024, 9:35 am GMT+0000 payyolionline.in

ദില്ലി: വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഉരുൾപൊട്ടലിന് ശേഷം  ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഉണ്ടായ ശബ്ദമാണ് കേട്ടത്.

കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് നാഷനല്‍ സീസ്മോളജി സെന്‍റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വയനാട്ടിലെ മറ്റു ജില്ലകളിലോ ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും ഇത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെ ജിയോളജി സര്‍വേ ഓഫ് ഇന്ത്യ സംഘമെത്തി പരിശോധന നടത്തുകയാണ്. ചൂരല്‍മലയില്‍ ഉള്‍പ്പെടെ പരിശോധന തുടരുകയാണ്. പ്രകമ്പനം ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe