ഭീംആർമി നേതാവ്‌ ചന്ദ്രശേഖർ ആസാദിന്‌ നേരെയുള്ള വെടിവെപ്പ്: നാല്‌ പേർ കസ്‌റ്റഡിയിൽ

news image
Jun 29, 2023, 3:25 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഭീംആർമി നേതാവ്‌ ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല്‌ പേർ പിടിയിൽ. ആസാദിന്റെ എസ്‌യുവിക്ക്‌ നേരെ വെടിയുതിർക്കാൻ അക്രമികൾ ഉപയോഗിച്ച കാറും പൊലീസ്‌ കണ്ടെടുത്തു. ബുധനാഴ്‌ച്ച വൈകിട്ടാണ്‌ ഉത്തർപ്രദേശിലെ സഹരൻപുരിൽ ചന്ദ്രശേഖർ ആസാദ്‌ സഞ്ചരിച്ച വാഹനത്തിന്‌ നേരെ വെടിവെപ്പുണ്ടായത്‌.

ആക്രമണത്തിൽ പരിക്കേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്‌ച്ച രാത്രി വൈകി മിർഗാപുർ ഗ്രാമത്തിൽ നിന്നും അക്രമികൾ സഞ്ചരിച്ച സ്വിഫ്‌റ്റ്‌ കാർ കണ്ടെടുത്തതെന്ന് പൊലീസ്‌ അറിയിച്ചു. ഹരിയാന നമ്പർപ്ലേറ്റുള്ള കാറിലാണ്‌ അക്രമികൾ സഞ്ചരിച്ചിരുന്നത്‌. സിസിടിവി കാമറകളിലെ ദൃശ്യങ്ങളിൽ കാറിൽ നാല്‌ പേരാണ്‌ സഞ്ചരിച്ചിരുന്നതെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ, കാർ മിർഗാപുരിലെ വീട്ടിൽ എത്തിച്ച ശേഷം ഇവർ കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതേതുടർന്ന്‌, കാർ ഒളിപ്പിച്ച വീട്ടിലെ നാല്‌ പേരെ കസ്‌റ്റഡിയിലെടുത്ത്‌ പൊലീസ്‌ ചോദ്യംചെയ്‌തു. ഇവരിൽ നിന്നും അക്രമികളിലേക്ക്‌ എത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു. ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന്‌ എതിരെ സമരം ചെയ്യുന്ന ഗുസ്‌തിതാരങ്ങളായ സാക്ഷിമല്ലിക്‌, ബജ്‌റംഗ്‌പുണിയ തുടങ്ങിയവർ സഹരൻപുർ ജില്ല ആശുപത്രിയിലെത്തി ചന്ദ്രശേഖർ ആസാദിനെ സന്ദർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe