ഭിന്നശേഷി വിഭാഗക്കാർക്ക് യുഡിഐഡി കാർഡ്: ‘തന്മുദ്ര’ ക്യാമ്പയിൻ രണ്ടാംഘട്ടത്തിന് തുടക്കം

news image
Jan 8, 2024, 11:56 am GMT+0000 payyolionline.in

തിരുവനന്തപുരം > ഭിന്നശേഷി വിഭാഗക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡി കാർഡ് ലഭ്യമാക്കുന്നതിന്റെ  രണ്ടാംഘട്ട ക്യാമ്പയിൻ “തന്മുദ്ര’യ്ക്ക് തുടക്കം. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. തന്മുദ്ര വെബ്‌സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഭിന്നശേഷി അവകാശങ്ങൾക്കായുള്ള അടിസ്ഥാന രേഖയാണ് യുഡിഐഡി കാർഡ്. എല്ലാ ഭിന്നശേഷി വ്യക്തികൾക്കും യുഡിഐഡി കാർഡ് വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാനുള്ള ലക്ഷ്യത്തിലാണ് കേരളമെന്ന് മന്ത്രി വ്യക്തമാക്കി.

 

ഭിന്നശേഷിയുള്ളവർക്ക്  ആനുകൂല്യം സുഗമമായി ലഭ്യമാക്കാൻ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് യുഡിഐഡി. സംരംഭത്തിൽ എൻഎസ്എസും പങ്കാളികളാകുന്നുണ്ടെന്നും സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ പേരുടെയും വിശദാംശങ്ങൾ തന്മുദ്ര വെബ്സൈറ്റിൽ  ചേർക്കാൻ എൻഎസ്എസ് വളണ്ടിയർമാരുടെ സഹായമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷി വ്യക്തിത്വങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കാനും അവരുടെ എല്ലാ വിശദശാംശങ്ങൾ ലഭ്യമാക്കാനും കഴിയുന്ന ഒരു സർവ്വേ കൂടിയാകും ഈ സംരംഭം.  ജനുവരി 31നകം മുഴുവൻ ഭിന്നശേഷിവ്യക്തികളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ക്യാമ്പയിൻ പൂർത്തീകരിക്കുന്നതോടെ കേരളത്തിലെ മുഴുവൻ ഭിന്നശേഷി വ്യക്തികളുടെയും കൈയിൽ യുഡിഐഡി കാർഡ് എത്തിക്കാൻ കഴിയുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കൂടുതൽ ചേർത്തുപിടിക്കാൻ വഴിയൊരുക്കാൻ സർവ്വേയിലൂടെ കഴിയും. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കാകെ മാതൃകയാവുകയാണ് സാമൂഹ്യനീതി വകുപ്പെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe