വയനാട്: വയനാട് തലപ്പുഴയിൽ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധന സാമഗ്രികൾ കണ്ടെത്തി. യൂണിഫോം ഉൾപ്പെടെയുള്ള വസ്തുക്കളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിൽ മേഖലയ്ക്ക് 800 മീറ്റർ മാറിയാണ് ഇവ കണ്ടെത്തിയത്. തണ്ടർബോൾട്ട് സംഘം കോമ്പിംഗ് നടത്തുന്നതിനിടയിൽ വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. അടുത്തിടെ മക്കിമലയിൽ കുഴി ബോംബുകളും കണ്ടെത്തിയിരുന്നു.
ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് യൂണിഫോം ഉൾപ്പെടെയുള്ളവ കണ്ടെടുക്കുന്നത്. വനമേഖലയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിരുന്നതായാണ് സൂചന. ഭക്ഷ്യ വസ്തുക്കളുടെ കവറുകൾ, ടോർച്ച് , മാവോയിസ്റ്റുകളുടേത് എന്ന് കരുതുന്ന യൂണിഫോം, ടെൻ്റ് കെട്ടാൻ ഉപയോഗിച്ച ടാർപ്പോളിൻ ഷീറ്റുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, എടിഎസ് , തണ്ടർബോൾട്ട്, പോലീസ് സംഘങ്ങൾ പരിശോധന നടത്തി.