ഭക്ഷ്യധാന്യം നിഷേധിച്ചാൽ നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

news image
Jan 27, 2025, 9:36 am GMT+0000 payyolionline.in

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ പണിമുടക്കിനെതിരെ കർശന നപടിസ്വീകരിക്കുമെന്ന് മ​ന്ത്രി ജി.ആർ. അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിക്കാൻ അനുവദിക്കില്ല. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറു​െമന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും.

സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കും. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാർ പൂർണമായി പരിഗണിച്ചു. വീണ്ടും ചർച്ച തുടരാൻ സർക്കാർ തയ്യാറാണ്. നിലവിലുളള സമരം ഒരു ദിവസം നോക്കി നിൽക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകൾ പറയുന്നത്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.

ഇതിനിടെ, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പണിമുടക്ക് സമരം ആരംഭിച്ചു. കഴിഞ്ഞ ദിവസം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരി സംഘടന നേതാക്കളുമായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ. അനിലും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ്, തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷൻ സംഘടന പ്രതിനിധികൾ തീരുമാനിച്ചത്. ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്. ഇതോടെ, പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് അനിശ്ചിതകാല പണിമുടക്ക് സമരത്തിന്റെ ഭാഗമാകുന്നത്.

ഇതിനിടെ, സമരം നേരിടാന്‍ കര്‍ശന നടപടികൾ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാല്‍ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ചുമതലയാണ്.

വേതനപരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം. എന്നാൽ, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച അലസിയത്. ധനമന്ത്രി ബാലഗോപാൽ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.

സംഘടന നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയൻകുമാർ, ടി. മുഹമ്മദലി, ടി. ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷൻ ഡീലേഴ്സ് കോഓ ഡിനേഷൻ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe