ബ്രജ് മണ്ഡൽ യാത്ര: ഹരിയാനയിലെ നൂഹിൽ ഇന്റർനെറ്റ് വിഛേദിച്ചു

news image
Jul 21, 2024, 3:45 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഭക്തിയാത്ര വർഗീയ കലാപത്തിൽ കലാശിച്ച ഹരിയാനയിലെ നൂഹ് ജില്ലയിൽ ഇക്കുറി ഇന്റർനെറ്റ് വിഛേദിച്ച് സർക്കാർ. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രക്ക് മുന്നോടിയായാണ് നടപടി. യാത്ര നടക്കുന്ന ജൂലൈ 21 വൈകീട്ട് ആറുമുതൽ മുതൽ 22 വൈകീട്ട് ആറുവരെ 24 മണിക്കൂറാണ് നിയന്ത്രണം. യാത്രയുമായി ബന്ധപ്പെട്ട് കലാപസാധ്യത മുന്നിൽ കണ്ടാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബൾക്ക് മെസേജിംഗ് സേവനങ്ങൾക്കും നിയന്ത്രണമുണ്ട്. ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അനുരാഗ് റസ്‌തോഗിയുടെതാണ് ഉത്തരവ്.

യാത്രക്ക് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് വിഛേദിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു. അതേസമയം, യാത്ര സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി നുഹ് പോലീസ് അറിയിച്ചു. യാത്ര കടന്നുപോകുന്ന വഴികളിൽ സി.സി.ടി.വി കാമറകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മാംസവും മുട്ടയും വിൽക്കുന്ന കടയുടമകളോട് താത്കാലികമായി അടച്ചിടുകയോ കടകൾ താത്കാലികമായി മാറ്റുകയോ ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.

2023 ജൂലൈ 31ന് നടന്ന ബ്രജ് മണ്ഡൽ ജലാഭിഷേക് ഘോഷയാത്ര വർഗീയ കലാപത്തിലേക്ക് വഴിമാറിയിരുന്നു. ഗോ രക്ഷാഗുണ്ടയും ബജ്റംഗ് ദൾ പ്രവർത്തകനുമായ മോനു മനേസർ യാത്രയിൽ പ​ങ്കെടുക്കുന്നെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതാണ് കലാപത്തിന് വഴിമരുന്നിട്ടത്.

രണ്ട് മുസ്‍ലിം യുവാക്കളുടെ കൊലപാതകത്തിൽ പ്രതിയായിരുന്നു മോനു. ഇരുവിഭാഗങ്ങളും അ​ക്രമത്തിലേക്ക് തിരിയുകയും കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതിനിടയിൽ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടു. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അതേ രാത്രി തന്നെ ഒരു ജനക്കൂട്ടം ഗുരുഗ്രാമിലെ പള്ളി ആക്രമിക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു. കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കലാപം അയൽ ജില്ലകളിലേക്ക് കൂടി പടർന്നതോടെ ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe