രാജാക്കാട് : ഹൈറേഞ്ചിന്റെ തൊട്ടടുത്തുള്ള ബോഡിനായ്ക്കനൂരിൽ തീവണ്ടിയുടെ ചൂളംവിളി ഉയരുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ പ്രതീക്ഷകൾ ട്രാക്കിലാകുകയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ, വ്യാപാര, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി മൂന്നാർ, മധുര റെയിൽവേ സ്വപ്നം പൂവണിയണം. നിലവിൽ കൊച്ചി ധനുഷ്കോടി ഹൈവേയിൽ കൊച്ചി – മധുര ദൂരം 290 കിലോമീറ്ററാണ്.
കൊച്ചിയിൽനിന്ന് ഹൈവേക്ക് സമാന്തരമായി റെയിൽവേ വന്നാൽ നേർപകുതി ദുരത്തിൽ മധുരയിൽ എത്താനാകും. അന്തരാഷ്ട ടുറിസം മാപ്പിൽ സ്ഥാനമുള്ള മൂന്നാർ, തേക്കടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ എളുപ്പം എത്തിച്ചേരാം. സുഗന്ധവ്യഞ്ജന കേന്ദ്രങ്ങളിലൂടെയുള്ള റെയിൽവേ സർവീസ് കർഷകർക്കും വ്യാപാരികൾക്കും വളരെയേറെ സഹായകരമാകും. ഇന്ത്യയിലെ ഏത് വിപണിയിലും കർഷകർക്ക് സ്വന്തം നിലയിൽ ഉൽപന്നങ്ങൾ സുഗമമായി എത്തിച്ച് വിപണനം ചെയ്യാനാകും എന്നതും സവിശേഷതയാണ്.
ഇരു സംസ്ഥാന സർക്കാരുകളും മുൻകൈയെടുത്ത് കേന്ദ്രത്തിന് പല തവണ നിവേദനം നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടത്തിൽ മൂന്നാറിന്റെ മലനിരകളിൽ മോണോ റെയിൽ സർവീസ് നടത്തിയിരുന്നു. 1909 മുതൽ 1924 വരെ പ്രവർത്തനക്ഷമമായിരുന്നു. 1924ലെ വെള്ളപ്പൊക്കത്തിലാണ് തകരുന്നത്. മൂന്നാറിലെ റെയിൽവേയുടെ അവശിഷ്ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ചു. കെട്ടിടം ഇന്ന് ടാറ്റാ ടീയുടെ ഓഫീസാണ്.