ന്യൂഡൽഹി∙ മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി.
‘‘ മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിന് സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ ഇപ്പോൾ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ട് ഒഴിവാക്കാൻ ജീവനക്കാർ നടപടികൾ സ്വീകരിക്കുകയാണ്’’–എയർഇന്ത്യ വക്താവ് അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ പരിശോധനകൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.