ബോംബെ ഡൈയിങ് കമ്പനിയെ ഓഹരി വിപണിയിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കി സെബി

news image
Oct 26, 2022, 12:35 pm GMT+0000 payyolionline.in

ദില്ലി: ബോംബെ ഡൈയിങ് ആന്റ് മാനുഫാക്ചറിങ് കമ്പനിയെ രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കി സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിയൽ എസ്റ്റേറ്റ്, പോളിസ്റ്റർ ആന്റ് ടെക്സ്റ്റൈൽ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി സാമ്പത്തിക രേഖകളിൽ കൃത്രിമം കാട്ടിയതിന് ആരോപണം നേരിടുന്നുണ്ടായിരുന്നു.

വാദിയ ഗ്രൂപ്പിന് കീഴിലുള്ളതാണ് ബോംബെ ഡൈയിങ് ആന്റ് മാനുഫാക്ചറിങ് കമ്പനി. ഇവർക്ക് പുറമെ മറ്റ് ഒൻപത് കമ്പനികളും രേഖകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്നുണ്ട്. അതേസമയം ബോംബെ ഡൈയിങ് ആന്റ് മാനുഫാക്ചറിങ് കമ്പനിക്ക് പുറമെ ഇതിന്റെ പ്രമോട്ടർമാരായ നുസ്ലി എൻ വാദിയ, ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ എന്നിവരെയും ഓഹരി വിപണികളിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കിയാതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.

വാദിയ ഗ്രൂപ്പിന് കീഴിലെ സ്കാൽ സർവീസസ് ലിമിറ്റഡഡ്, ഇതിന്റെ മുൻ ഡയറക്ടർമാരായ ഡിഎസ് ഗഗ്രത്, എൻ എച്ച് ദതൻവാല, ശൈലേഷ് കാർണിക്, ആർ ചന്ദ്രശേഖരൻ, ദുർഗേഷ് മേത്ത എന്നിവർക്കെതിരെയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടപടി എടുത്തിട്ടുണ്ട്. ദുർഗേഷ് മേത്ത നേരത്തെ ബോംബെ ഡൈയിങിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു.

രാജ്യത്തെ ഏറ്റവും പഴക്കമേറിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് വാദിയ ഗ്രൂപ്പ്. വ്യാവസായിക രംഗത്തും കൺസ്യൂമർ ഗുഡ്സ്, സിവിൽ ഏവിയേഷൻ, കെമിക്കൽ, ഫുഡ് പ്രൊസസിങ് രംഗങ്ങളിലും കൂടെ കമ്പനിക്ക് സ്വാധീനമുണ്ട്.  ബോംബെ ഡൈയിംഗ് ഉൾപ്പെടെ വാദിയഗ്രൂപ്പിലെ നാല് കമ്പനികൾ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe