ബൈജൂസിന്‌ തിരിച്ചടി: പാപ്പർനടപടികൾ പിൻവലിച്ച ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി

news image
Oct 23, 2024, 1:22 pm GMT+0000 payyolionline.in

ന്യൂഡൽഹി: എജ്യുടെക്ക്‌ കമ്പനി ബൈജൂസിന്‌ എതിരായ പാപ്പർനടപടികൾ പിൻവലിച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ്‌ ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി. ബിസിസിഐയും ബൈജൂസിന്റെ മാതൃകമ്പനി ‘തിങ്ക്‌ആൻഡ്‌ ലേണും’ തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പാപ്പർ നടപടികൾ പിൻവലിച്ച കമ്പനി നിയമ ട്രൈബ്യൂണൽ  ഉത്തരവ്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ റദ്ദാക്കിയത്‌.

അമേരിക്കൻ വായ്‌പദാതാക്കളായ ‘ഗ്ലാസ്‌ട്രസ്‌റ്റ്‌’ കമ്പനിയുടെ അപ്പീൽ പരിഗണിച്ചാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി സ്‌പോൺസർ ചെയ്‌ത വകയിൽ 158 കോടി നൽകിയാണ്‌ ബൈജൂസ്‌ ബിസിസിഐയുമായി ഒത്തുതീർപ്പുണ്ടാക്കിയത്‌. ഈ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമ ട്രൈബ്യൂണൽ  ബൈജൂസിന്‌ എതിരായ പാപ്പർനടപടികൾ പിൻവലിച്ചു.

എന്നാൽ,  പാപ്പർ നിയമങ്ങൾ (ഐബിസി) പാലിക്കാതെയാണ്‌ ബൈജൂസിന്‌ എതിരായ പാപ്പർ നടപടികൾ പിൻവലിച്ചതെന്ന്‌ സുപ്രീംകോടതി വിമർശിച്ചു. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ ശേഷം ട്രൈബ്യൂണലിനെ സമീപിച്ച്‌ ആ ഒത്തുതീർപ്പിന്‌ അംഗീകാരം വാങ്ങുന്നത്‌ ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe