തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ കടന്നു പിടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കരുവിലാഞ്ചി ശാലോംകോണത്ത് പുത്തൻവീട്ടിൽ പ്രസാദ് (42), തൈക്കാട് കണ്ണേറ്റുമുക്ക് വിളയിൽ വീട്ടിലെ ഉണ്ണികൃഷ്ണൻ (33) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിളപ്പിൽശാലയില്‍ പള്ളിമുക്ക് പള്ളിക്ക് സമീപത്ത് വെച്ചാണ് അതിക്രമം നടന്നത്.
കുണ്ടമൺകടവ് – പേയാട് റോഡിലൂടെ സ്കൂട്ടർ ഓടിച്ചു വന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയെ പ്രതികള്‍ ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപം എത്തിയ സമയത്ത് പ്രതികൾ കടന്നു പടിച്ചു.
സംഭവത്തിൽ വിളപ്പിൽശാല പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ കുണ്ടമൺ ഭാഗത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ് ഐ ആശിഷ്, ഗണേഷ്, പൊലീസുകാരായ ജയശങ്കർ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയ്തു.