നടുവട്ടത്ത് പ്രവർത്തിക്കുന്ന ബേപ്പൂർ നോർത്ത് സബ് പോസ്റ്റോഫീസ് കെട്ടിടം അത്യന്തം അപകടാവസ്ഥയിലായതോടെ ജീവനക്കാരും ജനങ്ങളും ഒരുപോലെ ഭീതിയിലായിരിക്കുന്നു. നാലുവർഷം മുൻപ് ബേപ്പൂർ മാഹിയിൽ നിന്നും നടുവട്ടത്തെ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയ ഈ പോസ്റ്റോഫീസ്, ഇന്ന് ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്.
കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പലതും തകർന്നു വീണതോടെ മഴക്കാലത്ത് ശക്തമായ ചോർച്ചയാണ് അനുഭവപ്പെടുന്നത്. കാലപ്പഴക്കത്താൽ കഴുക്കോലുകളും പട്ടികകളും പൂർണമായും ചിതലരിച്ചു നശിച്ച നിലയിലാണ്. ചുമരുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതിന് പുറമെ, വൈദ്യുത ലൈനുകൾ പലതും തകരാറിലായിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കെട്ടിടത്തിന് ചുറ്റും കാടുമൂടിക്കിടക്കുന്നതും സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്.
ഒരു വനിതാ പോസ്റ്റ്മാസ്റ്ററും മൂന്ന് ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്ന ഓഫീസിലെത്തുന്ന നാട്ടുകാരും ഈ അപകടാവസ്ഥ മൂലം ബുദ്ധിമുട്ടുകയാണ്. കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
