ബേപ്പൂർ : ഭക്ഷണം പാകം ചെയ്യുന്നതിനിടെ യന്ത്രവൽകൃത ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 4 ലക്ഷം രൂപയുടെ നാശനഷ്ടം. ആളപായമില്ല. ബേപ്പൂർ ഹാർബറിൽ നിന്നു ഇന്നലെ പുലർച്ചെ കടലിൽ പോയ മൊക്കത്ത് ദേവരാജന്റെ ജയകൃഷ്ണ നമ്പർ 1 ബോട്ടിൽ രാവിലെ 10.30നാണു പുറംകടലിൽ 17 നോട്ടിക്കൽ മൈൽ അകലെ തീപിടിത്തമുണ്ടായത്.കാബിൻ ഉൾഭാഗം കത്തിയമർന്ന ബോട്ടിലെ ജിപിഎസ്, വയർലെസ് സെറ്റ്, എക്കോ സൗണ്ടർ, വൈദ്യുതി വയറിങ് എന്നിവ നശിച്ചു. 10 തൊഴിലാളികൾ ഉണ്ടായിരുന്നു.
മീൻപിടിത്തത്തിനിടെ തൊഴിലാളികൾ ബോട്ടിൽ ഭക്ഷണം പാചകം ചെയ്തിരുന്നു. പെട്ടെന്നു ഗ്യാസ് സ്റ്റൗവിൽനിന്ന് തീ കാബിനിലേക്ക് ആളിപ്പടരുകയായിരുന്നു.ഉടൻ ബോട്ടിലെ പമ്പ് സെറ്റ് ഉപയോഗിച്ചും വെള്ളം കോരിയും തീയണച്ചു. വൈകിട്ടോടെ ബോട്ട് ബേപ്പൂർ ഹാർബറിൽ എത്തിച്ചു. ബോട്ട് ഉടമ നൽകിയ പരാതിയിൽ നാശനഷ്ടം കണക്കാക്കാൻ ഇന്നു ഫിഷറീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.