ബെംഗളൂരു നഴ്സിങ് വിദ്യാർത്ഥിയുടെ മരണം : കർണാടക പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന ആശങ്ക; കേരളത്തിലും പരാതിയുമായി കുടുംബം

news image
May 2, 2026, 10:01 am GMT+0000 payyolionline.in

തിരുവനന്തപുരം: ബെംഗളൂരു ബി.ടി.എൽ നഴ്സിങ് കോളേജിൽ വിദ്യാർത്ഥി ആദിത്യൻ മരിച്ച സംഭവത്തിൽ കർണാടക പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനെത്തുടർന്ന് കുടുംബം കേരളത്തിൽ പരാതി നൽകി. അരുവിക്കര പോലീസിലാണ് കുടുംബം പരാതി സമർപ്പിച്ചത്. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറി.

ബെംഗളൂരു ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിൽ കുടുംബം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആദിത്യന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കോളേജ് മാനേജ്‌മെന്റിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും, കോളേജ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റേതാണെന്നും ഇവർ ആരോപിക്കുന്നു. ഈ സ്വാധീനം കാരണമാണ് പോലീസ് അന്വേഷണം മന്ദഗതിയിലാകുന്നതെന്നും കുടുംബം സംശയിക്കുന്നു.

അധ്യാപകനായ സന്ദീപ് പാണ്ഡ്യയുടെ മാനസിക പീഡനമാണ് ആദിത്യന്റെ മരണത്തിന് വഴിവെച്ചതെന്ന് കുടുംബം ആവർത്തിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും, മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിതാവും ബന്ധുക്കളും ഉറപ്പിച്ചു പറയുന്നു. അധ്യാപകനെതിരെ അന്വേഷണം വേണമെന്നും, സത്യം പുറത്തുവരുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ഇവർ വ്യക്തമാക്കി.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ ബുധനാഴ്ചയാണ് ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. ഹോസ്റ്റൽ മുറിയിൽ കൂടെ താമസിച്ചിരുന്നവർ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. സംഭവത്തിൽ തുടക്കം മുതൽ തന്നെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe