കർണാടക: ബെംഗളുരുവിൽ അനധികൃതസ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ കെ ആർ പുരം തഹസിൽദാർ അജിത് റായിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും നാല് ആഢംബര കാറുകളുമാണ്. നിരവധി ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1.9 കോടി രൂപ മതിപ്പ് വില വരുന്ന വസ്തുക്കളാണ് സഹകാര നഗറിലെ വീട്ടിൽ നിന്ന് മാത്രം പിടിച്ചെടുത്തത്. ഇതിൽ 40 ലക്ഷം രൂപ പണമായി സൂക്ഷിച്ച നിലയിലായിരുന്നു.
ഈ വീടിന്‍റെ മേൽവിലാസത്തിൽ രറജിസ്റ്റർ ചെയ്ത 4 ആഡംബര കാറുകളും ലോകായുക്ത കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചിക്ബല്ലാപുര, ബെംഗളുരു എന്നിവിടങ്ങളിലായി 90 ഏക്കറോളം ഭൂമിയുടെ ബിനാമി സ്വത്തുക്കളുടെ രേഖകളും അജിത് റായിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. അഴിമതിക്കേസിൽ 14 ഓഫീസർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് ലോകായുക്ത റെയ്‍ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഒരു ഉദ്യോഗസ്ഥൻ അറസ്റ്റിലാവുന്നത് അപൂർവമാണെന്നും വ്യാപകമായി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് പ്രാഥമികമായിത്തന്നെ തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ലോകായുക്ത വ്യക്തമാക്കി.