ബെംഗളൂരുവിൽ അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി യുവതി

news image
Jun 13, 2023, 2:48 pm GMT+0000 payyolionline.in

ബെംഗളൂരു: ബെംഗളൂരുവിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി യുവതി പൊലീസിന് മുന്നിലെത്തി കീഴടങ്ങിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം കേട്ടാണ് പൊലീസ് അമ്പരന്നത്.  അമ്മയും ഭർതൃമാതാവും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ബഹളം സഹിക്കവയ്യാതെ സഹികെട്ടാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത് എന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. 70-കാരിയായ ബിവാ പോൾ ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച  മൈക്കോ ലേഔട്ട് പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫിസിയോതെറാപ്പിസ്റ്റായ സൊനാലി സെൻ എന്ന യുവതി അർദ്ധരാത്രിയോടെയാണ്  പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.  പൊലീസ് സ്റ്റേഷനിലെത്തിയ സൊനാലി താൻ അമ്മയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സ്യൂട്ട് കേസിലുണ്ടെന്നും അറിയിക്കുകയായിരുന്നു. യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് പൊലീസ് ആദ്യം അമ്പരന്നെങ്കിലും പിന്നാലെ സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് കൊലപാതകം സ്ഥീരീകരിച്ചത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ 35 വയസുള്ള യുവതിയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കിയത്. ഭർത്താവിനും ഓട്ടിസം ബാധിച്ച മകനും ഭർത്യമാതാവിനും അമ്മയ്ക്കുമൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.  കഴിഞ്ഞ ദിവസം വഴക്കിനിടെ അമ്മ  താൻ ഉറക്ക ഗുളിക കഴിച്ച് മരിക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സൊനാലി സെൻ 20 ഉറക്ക ഗുളികകള്‍ അമ്മയെ കൊണ്ട് കഴിപ്പിച്ചു.

ഉറക്കഗുളിക കൊടുത്തിട്ടും അമ്മ മരിച്ചില്ലെന്ന് കണ്ട് ഷാള്‍ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൊനാലി പൊലീസിനോട് പറഞ്ഞു.  കഴുത്ത് ഞെരിച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന വലിയ സ്യൂട്ട് കേസിനുള്ളിലാക്കി. നേരത്തെ മരണപ്പെട്ട അച്ഛന്‍റെ ഫ്രെയിം ചെയ്ത ചിത്രവും മൃതദേഹത്തോടൊപ്പം അമ്മയ്ക്കൊപ്പം സ്യൂട്ട്കേസിനുള്ളിലാക്കിയാണ് ഇവർ പൊലീസ് സേറ്റഷനിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe