ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ

news image
Jan 28, 2024, 1:51 pm GMT+0000 payyolionline.in

ദില്ലി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മഹാ​ഗഡ്ബന്ധൻ ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു നിതീഷ് കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാർ മുന്നണി മാറിയിട്ടുണ്ട്. എന്നാൽ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നിതീഷ് കുമാർ പ്രത്യേകം ശ്രദ്ധിച്ചു.

 

 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായപ്പോഴാണ് നിതീഷ് കുമാർ എൻഡിഎ വിടുന്നത്. തൻ്റെ പാർട്ടി മതേതരത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ നിതീഷ്, മോദിയുടെ സ്ഥാനാർഥിത്വത്തെ രൂക്ഷമായി വിമർശിക്കുകയും 2013ൽ എൻഡിഎ വിടുകയും ചെയ്തു. 2015-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തൻ്റെ പ്രധാന എതിരാളിയായ ലാലു പ്രസാദ് യാദവിൻ്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന് ആദ്യത്തെ മഹാ​ഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. മഹാസഖ്യം 178 സീറ്റുകൾ നേടിയാണ് സർക്കാർ രൂപീകരിച്ചത്.

എന്നാൽ, വെറും രണ്ട് വർഷം മാത്രമേ സഖ്യത്തിന് ആയുസുണ്ടായുള്ളൂ. 2017-ൽ ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിൻ്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ ബന്ധം വഷളായി. ലാലുവുമായി പിണങ്ങി സഖ്യം ഉപേക്ഷിച്ച് എൻഡിഎയിൽ തിരിച്ചെത്തിയ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. അന്നാണ് നിതീഷിനെ ലാലുപ്രസാദ് യാദവ് ‘പൽട്ടു റാം’ എന്ന് വിളിച്ചത്.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലേറുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കണ്ണെറിഞ്ഞതോടെ നിതീഷിന് അപകടം മണത്തു. 2022ൽ എൻഡിഎയിലെ അരക്ഷിതാവസ്ഥക്ക് അവസാനം കുറിച്ച് ആർജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും മഹാ​ഗഡ്ബന്ധൻ സജീവമാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പുതിയ ചാട്ടം. ഇന്ത്യാ മുന്നണിയിൽ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് പുതിയ കൂറുമാറ്റം. കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർ​ഗയെ ഇന്ത്യാ മുന്നണിയുടെ ചെയർമാനായി തെരഞ്ഞെടുത്തതോടെ നിതീഷ് സഖ്യവുമായി അകന്നു. തുടർന്ന് മുന്നണിമാറ്റ ചർ‌ച്ച സജീവമാക്കി. ഇപ്പോൾ വീണ്ടും എൻഡിഎയിലേക്ക് കൂറുമാറിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം സേഫാക്കിയാണ് നിതീഷ് ചരടുവലിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe