15കാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ പിന്തുടർന്നപ്പോൾ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്ന് പുറത്തേക്ക് തള്ളി യുവാക്കളുടെ ക്രൂരത. ബിഹാറിലെ ഗയ ജില്ലയിലെ ഗയ-രജൗലി റോഡിൽ ബർതാര ബസാറിലാണ് സംഭവം.
രണ്ട് യുവാക്കൾ ചേർന്ന് ഓട്ടോയിലേക്ക് ബലമായി പിടിച്ചുകയറ്റിയതോടെ പെൺകുട്ടി നിലവിളിക്കുകയും ഇതുകേട്ട് നാട്ടുകാർ പിന്തുടരുകയുമായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ പെൺകുട്ടിയെ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവറുടെ മൊഴിയിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും തങ്കുപ്പ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് രഞ്ജൻ കുമാർ പറഞ്ഞു.