പട്ന: ബിഹാറിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ജില്ലകളിലായി 12 പേർ ഇടിമിന്നലേറ്റ് മരിച്ചു. ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങൾ വീതവും റോഹ്താസിൽ രണ്ട് മരണങ്ങളും സഹർസ, സരൺ, ഭോജ്പൂർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ ഒന്നുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ പത്ത് ദിവസങ്ങളിലായി 40 പേർ ഇടിമിന്നലേറ്റ് മരിച്ചെന്നാണ് കണക്ക്. ഇതിൽ 22 പേരും മരണപ്പെട്ടത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇടിമിന്നലുള്ള സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.