ബിഹാറിൽ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം; നാല് പേർ അറസ്റ്റിൽ

news image
Aug 19, 2023, 5:22 am GMT+0000 payyolionline.in

പട്ന: ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽക്കയറി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രംഗിഗഞ്ച് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിമൽ യാദവിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിൽ പ്രവർത്തിച്ചുവരികയായിരുന്ന വിമൽ യാദവിനെ നാല് പേരടങ്ങുന്ന സംഘം വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ 5.30യോടെ വീട്ടിലെത്തിയ സംഘം വാതിലിൽ മുട്ടുകയും പിന്നാലെ പുറത്തിറങ്ങിയ വിമലിനെ നെഞ്ചിൽ വെടിവെക്കുകയുമായിരുന്നു. ബിഹാറിലെ അരാരിയ ജില്ലയിലായിരുന്നു സംഭവം. പ്രതിചേർക്കപ്പെട്ടവർ 2019ൽ വിമലിന്‍റെ സഹോദരനെ കൊലപ്പെടുത്തിയിരുന്നുവെന്നും സംഭവത്തിൽ ഏക ദൃക്സാക്ഷിയായ വിമലിനോട് മൊഴി മാറ്റാൻ അന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ വാദം. സമാന രീതിയിലായിരുന്നു വിമലിന്‍റെ സഹോദരനും കൊലചെയ്യപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനമില്ലെന്നും ബിഹാർ രാജ്യത്തെ ക്രൈം സ്റ്റേറ്റ് ആയി മാറുകയാണെന്നും ബി.ജെ.പി വിമർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe