വടകര: വടകര കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന റോബിന് രാധാകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ പരിഹാസവും വിമര്‍ശനവും. വടകരയിലെ പ്രശ്നങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും തീരുമാനിക്കുമെന്നും പുതിയ ഭടന്മാരുടെ ആവശ്യമില്ലെന്നുമാണ് പരിഹാസം. വടകര എംഎല്‍എക്കെതിരെ ബിജെപി ‘കുറ്റപത്രം’ സമര്‍പ്പിക്കുന്നത് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റോബിന് രാധാകൃഷ്ണന്. 2018ലാണ് താന്‍ ആദ്യമായി വടകരയില്‍ വരുന്നതെന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മണ്ഡലത്തില്‍ യാതൊരും മാറ്റവും ഇല്ലെന്നും ഇത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നുമായിരുന്നു റോബിന് കുറ്റപത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.
‘2018ല്‍ ക്രിസ്റ്റ്യന്‍ മുള്ളര്‍ കോളേജില്‍ ഗസ്റ്റ് ആയിട്ടാണ് വന്നത്. അതിനുശേഷം 2026ല്‍ ഇതാ ഇപ്പോഴാണ് ഇവിടെ വരുന്നത്. ഈ ടൗണിന് വലിയ മാറ്റങ്ങളൊന്നും വന്നതായി എനിക്ക് തോന്നുന്നില്ല. എംഎല്‍എയോ ഇവിടെ ഭരിച്ചിരുന്നയാളുകളോ വികസനത്തില്‍ കേന്ദ്രീകരിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ഹോളിഡേ മാള്‍ കാട് പിടിച്ചുനശിച്ചുകിടക്കുകയാണ്. എംഎല്‍എ വിചാരിച്ചിരുന്നെങ്കില്‍ അത് മികച്ച നിലയില്‍ നിര്മ്മിക്കാമായിരുന്നു. നിരവധിപേര്‍ക്ക് ജോലി സാധ്യതയുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ വിഷയം തോന്നി’, റോബിന് രാധാകൃഷ്ണന് പറഞ്ഞു. അഞ്ച് വര്‍ഷത്തേക്കുള്ള കൃത്യമായ വിഷന്‍ ഉള്ളയാള്ക്കെ മിഷന് പൂര്‍ത്തിയാക്കാന്‍ കഴിയൂ. അടുത്ത എംഎല്‍എ ബിജെപിയില്‍ നിന്നാകട്ടെയെന്നും റോബിന് രാധാകൃഷ്ണന് പറഞ്ഞിരുന്നു.
എന്നാല്‍ വടകരയിലെ പ്രശ്നങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും തീരുമാനിക്കുമെന്നും ബിജെപി വര്‍ഗീയവാദികള്‍ ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നും റോബിന് രാധാകൃഷ്ണന്റെ പ്രതികരണത്തിന് മറുപടിയായി നിരവധി പേര് കമന്റ് ചെയ്തു. വടകരയില്‍ കോണ്‍ഗ്രസ് മാത്രമല്ല, നല്ല സിപിഐഎമ്മുകാരുമുണ്ട്. രണ്ടുപേരും ഓക്കെയാണ്. മികച്ചതേത് എന്നതിലെ മത്സരം മാത്രമാണെന്നും ചിലര്‍ കമന്റ് ചെയ്തു. വടകരയില്‍ ഇപ്പോള്‍ ജനങ്ങള്‍ മനസ്സമാധാനത്തോടെ ജീവിക്കുന്നുണ്ട്, അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ കഴിച്ചു എല്ലാ മതക്കാരും പരസ്പരം ബഹുമാനിച്ചു സഹകരിച്ചും ജീവിക്കുന്നുണ്ട്. അത് തകര്‍ക്കാന്‍ തല്ക്കാലം വടകരയിലെ ആള്‍ക്കാര്‍ക്ക് താല്പര്യമില്ലെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.
