ബാറില്‍ ഡി.ജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം; ഓം പ്രകാശ് അറസ്റ്റില്‍

news image
Dec 17, 2024, 4:57 am GMT+0000 payyolionline.in

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റില്‍. തിരുവനന്തപുരം ബാറില്‍ ഡി.ജെ പാര്‍ട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടല്‍ കേസിൽ നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഫോര്‍ട്ട് പൊലീസാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

 

 

ഈഞ്ചക്കലിലെ ബാറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഡി.ജെ പാര്‍ട്ടിക്കിടെ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജന്‍ എന്നയാളും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടല്‍. സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞു. പിന്നീട് പിണങ്ങിയ ഇവര്‍ തമ്മില്‍ പലതവണ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

സാജന്‍റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡി.ജെ പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വക്കേറ്റമുണ്ടാവുകയായിരുന്നു. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തി.

നിശാക്ലബ് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe