ബാങ്കിങ് സേവനത്തിലെ വീഴ്ച; മലപ്പുറം സ്വദേശിയുടെ 2.5 ലക്ഷം മാറി അയച്ചു, ഒടുവിൽ പലിശ സഹിതം നൽകാൻ ഉത്തരവ്

news image
Sep 5, 2023, 1:57 pm GMT+0000 payyolionline.in

മലപ്പുറം: ബാങ്കിങ് സേവനത്തിലെ വീഴ്ചയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നഷ്ടപ്പെട്ട 2.5 ലക്ഷം രൂപ 12% പലിശ സഹിതവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. മഞ്ചേരിയിലെ പേരാപുറത്ത് മൊയ്തീൻ കുട്ടി നൽകിയ പരാതിയിലാണ് മഞ്ചേരി എച്ച്.ഡി.എഫ്.സി ബാങ്കിനെതിരായ വിധി. പരാതിക്കാരന് നഷ്ടമായ 2.5 ലക്ഷം രൂപ 2018 ഏപ്രില്‍ ആറു മുതല്‍ 12% പലിശ സഹിതം നൽകാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമാണ് കമ്മീഷന്‍ ഉത്തരവ്. 2018 ഏപ്രില്‍ ആറിന് ബിസിനസ് ആവശ്യാർത്ഥം രണ്ടര ലക്ഷം രൂപ കോഴിക്കോട്ടുള്ള അബ്ദുൾ സലാമിന്റെ ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിനാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ ബാങ്കിനെ സമീപിച്ചത്.

അക്കൗണ്ട് നമ്പർ വ്യക്തമായി എഴുതി നൽകിയിരുന്നെങ്കിലും പണം തെറ്റായ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റായത്. തുടർന്ന് പരാതിയുമായി ബാങ്കിലും മഞ്ചേരി പൊലീസിലും പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരൻ എഴുതി നൽകിയതിലെ പിഴവു കാരണമാണ് സംഖ്യ തെറ്റായ അക്കൗണ്ടിലേക്ക് പോയതെന്നും ഇക്കാര്യത്തിൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷൻ മുമ്പാകെ ബാങ്ക് ബോധിപ്പിച്ചത്.

തുടർന്ന് പണം തെറ്റായ വിധത്തിൽ എത്തിച്ചേർന്ന അക്കൗണ്ട് ഉടമയായ കോഴിക്കോട് കുന്നമംഗലം സ്വദേശി ശൈലേഷ് എന്നയാളെ കമ്മീഷൻ മുമ്പാകെ വിളിച്ചു വരുത്തി വിചാരണ ചെയ്തതിൽ പണം അക്കൗണ്ടിൽ വന്നത് കൈപ്പറ്റിയെന്നും ചെലവഴിച്ചു പോയെന്നും ബോധ്യമായി. ബാങ്കിന്റെ ഭാഗത്തു നിന്നും ഉപഭോക്തൃസേവനത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടതിനെ തുടർന്നാണ് പരാതിക്കാരന് നഷ്ടമായ സംഖ്യ പലിശയടക്കം നല്കാനും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും നല്കാൻ എച്ച്.ഡി.എഫ്.സി ബാങ്കിനോട് കമ്മീഷൻ ഉത്തരവിട്ടത്.

പണം തെറ്റായ വിധത്തിൽ കൈപ്പറ്റിയ ശൈലേഷിൽ നിന്നും തുക ഈടാക്കാൻ എച്ച് ഡി.എഫ് സി. ബാങ്കിന് നടപടി സ്വീകരിക്കാവുന്നതാണ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും വീഴ്ചവന്നാൽ 12% പലിശ നല്കണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മയിൽ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe