ബാഗേജിന്റെ ഭാരം ചോദിച്ചപ്പോൾ ‘ബോംബാണ്’ മറുപടി; കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി!

news image
Feb 20, 2025, 3:47 am GMT+0000 payyolionline.in

കൊച്ചി: ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്ര മുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഒറ്റ മറുപടിയിൽ മുടങ്ങിയത്. യാത്രക്കാരനെതിരെ പൊലീസ് കേസ് എടുത്തു.

ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. സുരക്ഷാ പരിശോധനക്കിടെ ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍റെ പെട്ടെന്നുള്ള പ്രതികരണം അദ്ദേഹത്തിന്‍റെ യാത്ര മുടക്കിയിരിക്കുകയാണ്. ബോംബുണ്ട് എന്ന് യാത്രക്കാരൻ പറഞ്ഞാലോ അതേങ്കിലും തരത്തിൽ ബോംബ് ഭീഷണി മുഴക്കിയാലോ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിൽ തമാശയ്ക്ക് പോലും കയ്യിൽ ബോംബുണ്ട്, വിമാനം ഹൈജാക്ക് ചെയ്യാൻ പോവുകയാണ് എന്നെല്ലാം പറഞ്ഞാൽ യാത്ര മുടങ്ങും. ഒപ്പം തുടരന്വേഷണങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. സമീപ കാലത്ത് വിമാനങ്ങൾക്ക് നിരവധി തവണ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വ്യോമയാന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe