കൊച്ചി: പൊന്നാനി ബലാത്സംഗക്കേസിൽ മലപ്പുറം മുൻ എസ്.പി സുജിത്് ദാസ് അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് താൽകാലികമായി തടഞ്ഞ് ഹൈകോടതി. പൊന്നാനി മുൻ സി.ഐ വിനോദിന്റെ ഹരജി പരിഗണിച്ചാണ് പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം ഹൈകോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്.
കേസിൽ തങ്ങുടെ വാദം കൂടി കേൾക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. ആരോപണം ശരിയല്ലെന്നും മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും അക്കാര്യം പരിശോധിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. നവംബർ ഒന്നിന് ഹരജി വീണ്ടും കോടതി പരിഗണിക്കും.
മലപ്പുറം മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്. പരാതിയിൽ നടപടി വൈകുന്നതിനാൽ വീട്ടമ്മ ഹൈകോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്ട്രേറ്റ് വിഷയത്തിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി നിർദേശിച്ചു. ഇതേ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.
അതിജീവിതയുടെ സ്വകാര്യ അന്യായത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൃശൂർ റേഞ്ച് ഡി.ഐ.ജിയോട് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.
പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവം വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.