ബജറ്റിൽ പന്ത്രണ്ടോളം പദ്ധതികൾ; കൊയിലാണ്ടി നിയോജകമണ്ഡലം വികസനകുതിപ്പിൽ

news image
Jun 19, 2026, 1:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: സംസ്ഥാന ബജറ്റിൽ മണ്ഡലത്തിലെ പന്ത്രണ്ടോളം വികസന പദ്ധതികൾക്ക് തുക വകയിരുത്തിയതോടെ കൊയിലാണ്ടി നിയോജകമണ്ഡലം വിപുലമായ വികസനക്കുതിപ്പിലേക്ക് നീങ്ങുകയാണ്. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ബജറ്റിൽ ഉൾപ്പെടുത്താനായി സമർപ്പിച്ച പ്രധാന നിർദ്ദേശങ്ങൾക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് വിഹിതം അനുവദിച്ച് അംഗീകാരം നൽകിയത്. ഈ പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ മണ്ഡലത്തിന്റെ വികസന കുതിപ്പിന് അടിത്തറയിടാൻ സാധ്യമാകുന്ന പ്രതീക്ഷയിലാണ് എം എൽ എ . അനുവദിച്ച എല്ലാ വികസന പദ്ധതികളും എത്രയും വേഗം പൂർത്തിയാക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ഉൽപ്പാദന-സാങ്കേതിക മേഖലകൾക്ക് വലിയ കരുത്താകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. മൂടാടിയിലെ കെൽട്രോൺ കേന്ദ്രത്തിൽ ഇലക്ട്രോണിക് വില്ലേജിനായുള്ള കെട്ടിട നിർമ്മാണവും കൊയിലാണ്ടി ഹാർബറിൽ മറൈൻ പോളിടെക്‌നിക്കും വെറ്ററിനറി സർവ്വകലാശാലയുടെ ഉപകേന്ദ്രത്തിനായുള്ള പുതിയ കെട്ടിട നിർമ്മാണവും ഇതിൽ ഏറെ ശ്രദ്ധേയമാണ്. ഇതിനൊപ്പം പയ്യോളി ടെക്നിക്കൽ സ്കൂളിനെ പോളിടെക്‌നിക്കായി ഉയർത്താനും ബജറ്റിൽ അനുമതി ലഭിച്ചിട്ടുണ്ട്. കായിക രംഗത്തിന് ഉണർവേകാൻ തിക്കോടിയിൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന പ്രഖ്യാപനവും ചരിത്രമുറങ്ങുന്ന കുഞ്ഞാലി മരക്കാർ മറൈൻ മ്യൂസിയം പദ്ധതിയും മണ്ഡലത്തിന് വലിയ നേട്ടമാകും.

തീരദേശ മേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കൊയിലാണ്ടി ഫിഷിങ് ഹാർബറിലേക്ക് ആംബുലൻസും റെസ്ക്യൂ ബോട്ടുകളും അനുവദിച്ചതിനൊപ്പം പയ്യോളി ഫിഷ് ലാൻഡിംഗ് സെന്ററിന്റെ പാരിസ്ഥിതിക പഠനത്തിനും തുക വകയിരുത്തി. തിരുവങ്ങൂരിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഐ.ടി പാർക്കിനായുള്ള സാധ്യതാ പഠനവും പൂക്കാട് – കാപ്പാട് റോഡ് നവീകരണവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവും മണ്ഡലത്തിന്റെ യാത്രാ-ആരോഗ്യ മേഖലകൾക്ക് വലിയ ആശ്വാസമാകും. ചരിത്രപ്രസിദ്ധമായ പൊയിൽക്കാവ് ക്ഷേത്രക്കുള നവീകരണത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പുറമെ മണ്ഡലത്തിലെ മറ്റ് പ്രധാന പദ്ധതികൾക്കും വകുപ്പുതലത്തിൽ തത്വത്തിൽ അംഗീകാരം ലഭിച്ചതായി എം.എൽ.എ അറിയിച്ചു. അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച കാപ്പാട് ബീച്ചിന്റെ വികസനത്തിനും അകലാപ്പുഴ ടൂറിസം പദ്ധതിക്കും ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അനുമതി നൽകിയതായും അഡ്വ. കെ. പ്രവീൺകുമാർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe